ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന് ജിന്‍സണിന്റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക കത്തീഡ്രലില്‍ നടക്കും.
ആഷിന്റെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാത്രി 9.15ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്ഹിവഴി വെള്ളിയാഴ്ച രാത്രി 7.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വടുതലയിലെ വീട്ടിലെത്തിക്കും. അങ്കമാലി മഞ്ഞപ്ര കണ്ടമംഗലത്താന്‍ കെ.ടി. ജിന്‍സണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ് 21 വയസുകാരനായ ആഷിന്.
മാര്‍ച്ചിലാണ് ആഷിന് പഠന വീസയില്‍ ജര്‍മനിയില്‍ എത്തിയത്. കഴിഞ്ഞമാസം 23ന് വൈകുന്നേരം മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ബര്‍ലിനിലെ വൈസന്സീയില് നീന്തലിനിടെ കുഴഞ്ഞുപോയ ആഷിന് അപകടത്തിപ്പെടുകയായിരുന്നു.
ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ചേര്‍ന്ന് ജീവനോടെ കരയിലെത്തിച്ച് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 24ന് ഉച്ചയോടെ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമാണ് ആഷിന്റെ മൃതദേഹം വിട്ടുനല്‍കിയത്.